കൊൽക്കത്ത: ലയണൽ മെസിയുടെ പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ രാജിവയ്‌ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ കായിക മന്ത്രിയുമായ അരൂപ് ബിശ്വാസ്. വീഴ്ചയെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും താൻ രാജിവയ്‌ക്കാൻ തയാറാണെന്നും കാണിച്ച് അരൂപ് മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു.
മെസിയുടെ പരിപാടിയിലുണ്ടായ ക്രമക്കേട് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പരിപാടിയുടെ പ്രധാന സംഘാടകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടിക്കറ്റ് വിലയായി 10,000 രൂപ മുതൽ 25,000 രൂപ വരെയാണ് സംഘാടകർ ആരാധകരിൽ നിന്ന് കൈപ്പറ്റിയത്. എന്നാൽ മര്യാദയ്‌ക്ക് മെസിയെ കാണാൻ പോലും ആരാധകർക്ക് സാധിച്ചില്ല. മന്ത്രിമാരും അവരുടെ വേണ്ടപ്പെട്ടവരും ഉൾപ്പെടെ നിരവധി പേർ മെസിയെ വളയുകയായിരുന്നു. ഇതോടെ ആരാധകർ രോക്ഷാകുലരാവുകയും സ്റ്റേഡിയത്തിലെ കസേരകൾ വലിച്ചെറിയുകയും ചെയ്തു. നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.















