റായ്പൂർ: പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ച സംഭവത്തിൽ മുഖ്യസൂത്രധാരൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തരൺ തരൺ നിവാസിയായ ഹർപീന്ദർ സിംഗാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കബഡി താരത്തിന്റെ കൊലപാതകത്തിലെ മുഖ്യസൂത്രധാരനാണ് ഇയാൾ.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഹർപീന്ദറിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിലെ മറ്റൊരു പ്രതിയായ ഐഷ്ദീപ് സിംഗിനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹർപീന്ദർ സിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കൊലപാതകം ആസൂത്രണം ചെയ്യാൻ മോസ്കോയിൽ നിന്ന് എത്തിയതായിരുന്നു ഐഷ്ദീപ് സിംഗ്. മസ്കറ്റിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്.















