ന്യൂഡൽഹി: ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വന്തം വാഹനത്തിൽ വിമാനത്താവളത്തിൽ എത്തിച്ച് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഒമാനിലേക്ക് തിരിച്ചു. അബി അഹമ്മദ് അലി തന്നെയാണ് മോദിക്ക് യാത്രയയപ്പ് നൽകിയത്.
ആഡിസ് അബാബ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് എത്യോപ്യൻ ഭരണകൂടം ഒരുക്കിയിരുന്നത്. ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ വിവിധ വിഷയങ്ങളിൽ നിർണായക ചർച്ച നടത്തി. എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
അവിസ്മരണീയ സന്ദർശനം എന്നാണ് എത്യോപ്യൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എത്യോപ്യൻ ജനതയുടെ സ്വീകരണവും സൗഹൃദവും താൻ കൂടെക്കൊണ്ടുപോകുന്നു. ഈ സന്ദർശനം ഇന്ത്യ-എത്യോപ്യ ബന്ധങ്ങൾക്ക് ശക്തി പകരുന്നു. ഇരു രാജ്യങ്ങൾക്കും വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് നാം നമ്മുടെ ബന്ധങ്ങളെ ഉയർത്തി. എത്യോപ്യയിലെ സർക്കാരിനും ജനങ്ങൾക്കും എന്റെ നന്ദിയെന്നും പ്രധാനമന്ത്രി കുറിച്ചു.















