ധാക്ക: വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം. നിരവധി നഗരങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ലെ ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പ്രധാനിയായ ഷെരീഫ് ഉസ്മാൻ ഹാദിയാണ് കൊലപ്പെട്ടത്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്യണമെന്ന് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.
ധാക്കയിലും മറ്റ് വിവിധ നഗരങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളായ ദി ഡെയ്‌ലി സ്റ്റാർ, പ്രോതോം അലോ നിരവധി കെട്ടിടങ്ങൾ തീവച്ചുനശിപ്പിച്ചു. അവാമി ലീഗ് ഓഫീസിനും തീയിട്ടു. വിദ്യാർത്ഥി നേതാവിന്റെ പേര് വിളിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭം.
രാത്രി വൈകിയും നിരവധി പ്രദേശങ്ങൾ സംഘർഷഭരിതമായിരുന്നു. കൂടുതൽ അക്രമങ്ങൾ തടയാൻ കൂടുതൽ പൊലീസിനെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങ് ഉൾപ്പെടെ നിരവധി നഗരങ്ങളിലും അക്രമങ്ങളുണ്ടായി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് പുറത്തേക്ക് പ്രതിഷേധക്കാർ എത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖംമൂടി ധരിച്ച അക്രമികൾ ഉസ്മാൻ ഹാദിയെ വെടിവച്ച് വീഴ്‌ത്തിയത്. ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.















