ന്യൂഡൽഹി : രാജ്യത്തെ പൊതുവിപണിയിൽ ലഭ്യമാകുന്ന മുട്ടകൾ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മുട്ടകളിൽ അർബുദത്തിന് കാരണമായേക്കാവുന്ന മാരക രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ ദേശീയ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി( എഫ്‌എസ്‌എസ്‌എഐ) തള്ളി
ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താന്‍ കാരണമാണെന്നും ആരോപണങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ സന്ദേശമാണ് പ്രചരിക്കുന്നതെന്നും ഇവ അനാവശ്യമായ പൊതുജന ആശങ്ക സൃഷ്‌ടിക്കുമെന്നും എഫ്എസ്എസ്എഐ കൂട്ടിച്ചേർത്തു.
മുട്ടകളിൽ നൈട്രോഫ്യൂറാനുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വീഡിയോ കഴിഞ്ഞ ദിവസം വൻ തോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെമ്പാടുമുള്ള മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ച് എഫ്എസ്‌എസ്‌എഐ പരിശോധിച്ചിരുന്നു. തുടർന്നാണ് ഇത് വ്യാജമാണെന്ന് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിയന്ത്രണങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉൽപാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്‌എസ്‌എഐ അറിയിച്ചു.
ഭക്ഷണത്തിൽ ഉൾപ്പെടുന്ന ചെറിയ തോതിലുള്ള നൈട്രോഫ്യൂറാൻ മെറ്റബോളൈറ്റുകളുമായുള്ള സമ്പർക്കം മനുഷ്യരിൽ കാൻസറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ ഉണ്ടാക്കില്ലെന്നും എഫ്എസ്എസ്എഐ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുട്ട ഉത്പാദനം നടത്തുകയും വിൽക്കുകയും കഴിക്കുകയും ചെയ്യുമ്പോൾ യാതൊരു വിധ കുഴപ്പവുമുണ്ടാകില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ച് മുട്ടകൾ ഉത്പാദിപ്പിക്കുമ്പോൾ സമീകൃത പോഷകാഹാരമായി മുട്ട തുടരുമെന്നും എഫ്എസ്എസ്എഐ കൂട്ടിച്ചേർത്തു.















