വീണ്ടും വെള്ളനാട് ശശി : വാഹനം വിട്ടു നൽകിയില്ലെന്നാരോപിച്ച് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടഞ്ഞ് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം : വിവാദങ്ങളും സംഘർഷവും കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സിപിഎം നേതാവ് വെള്ളനാട് ശശി വാഹനം വിട്ടു നൽകിയില്ലെന്നാരോപിച്ച് സെക്രട്ടറിയെ വഴിയിൽ തടഞ്ഞു.തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ പ്രസിഡന്‍റായ വെള്ളനാട് ശശി ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത്‌ സെക്രട്ടറിയെ വഴിയിൽ തടയുകയായിരുന്നു.

പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരുന്നതിനിടെയാണ് സംഭവം. വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കാർ തടയുകയായിരുന്നു. വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം. എന്നാൽ, വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. വെള്ളനാട്ടെ വിവാദ നായകനായ സിപിഎം നേതാവാണ് വെള്ളനാട് ശശി.

പെരുമാറ്റചട്ടം നിലനിൽക്കെ പഞ്ചായത്ത് വാഹനത്തിന്റെ അതോറിട്ടി സെക്രട്ടറി ആയതിനാൽ, സെക്രട്ടറിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ മറ്റ് ഭരണസമിതിയംഗങ്ങൾക്കും പ്രസിഡന്റിനും വാഹനം ഉപയോഗിക്കാൻ കഴിയൂ എന്നതാണ് നിലവിലുള്ള ചട്ടം.

 

Share