ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ചതിൽ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. അണുബാധയ്‌ക്കൊപ്പം താഴ്ന്ന രക്തസമ്മർദ്ദവും മരണത്തിന് കാരണമായെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ് താലൂക്ക് ആശുപത്രിയിലെ ഡയാലിലിന് പിന്നാലെ മരണമടഞ്ഞത്. ഡിസംബർ 29ന് 26 രോഗികൾക്കാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് ചെയ്തത്. ഇതിൽ മരിച്ച മജീദിനും രാമചന്ദ്രനും അടക്കം ആറുപേർക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മജീദ് 30-ാം തീയതിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്ന രാമചന്ദ്രന്റെ മരണം 31 ന് ആയിരുന്നു .
മരണപ്പെട്ടവരുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഡിഎംഒയുടെ റിപ്പോർട്ട്. എന്നാൽ ആദ്യഘട്ടത്തിൽ വീഴ്ച മറച്ചുവെക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചത്. ഡയാലിസ് സെന്ററിൽ നിന്നല്ല അണുബാധ എന്നായിരുന്നു സുപ്രണ്ടിന്റെ വാദം. ഡയാലിസിസ് യൂണിറ്റിൽ ഉപയോഗിക്കുന്നത് ആശുപത്രിയിലെ ജലശുദ്ധീകരണ പ്ലാന്റിലെ (ആർഒ പ്ലാന്റ്) വെള്ളമാണ്. ഇവിടെ നിന്നാണ് അണുബാധയുണ്ടായതെന്നാണ് സംശയം. വെള്ളവും ഗുളികകളും വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചെങ്കിലും ഫലം ലഭ്യമായിട്ടില്ല.
കേരളത്തിൽ ഡയാലിസിസ് സൗകര്യമുള്ള ആദ്യ താലൂക്ക് ആശുപത്രിയാണ് ഹരിപ്പാടേത് സർക്കാർ ആശുപത്രിയിലെ ഡയാലിസിസ് സംവിധാനങ്ങളെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സംഭവമാണ് ഇവിടെയുണ്ടായിരിക്കുന്നത്.















