തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇടതുപക്ഷ എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു കേസില്‍ വിധി വന്നത്.കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് കേസെടുത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്നാണ് കേസ്. 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാവും.ജനപ്രാതിനിധ്യ നിയമമനുസരിച്ച് രണ്ടുവർഷം തടവ് ശിക്ഷ ലഭിച്ചാൽ എംഎൽഎ പദവി നഷ്ടമാകും
ഗൂഢാലോചനയ്ക്ക് ആറുമാസം , വ്യാജരേഖ ചമയ്ക്കലിന് രണ്ടുവർഷം, വഞ്ചനയ്ക്ക് മൂന്നുവർഷം എന്നങ്ങിനെയാണ് ശിക്ഷ വിധിച്ചത്. ഇതിൽ മൂന്നു വർഷത്തെ ശിക്ഷ അനുഭവിക്കണം രണ്ട് പേരും.രണ്ട് ആൾ ജാമ്യത്തിൽ രണ്ടുപേർക്കും ജാമ്യം ലഭിച്ചു. ശിക്ഷാവിധി പറഞ്ഞ അതേ കോടതി തന്നെ ജാമ്യം അനുവദിച്ചു
ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം.1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ഹാഷിഷ് ഓയിലുമായി പിടിയിലായത്. 61 ഗ്രാം ഹാഷിഷ് ഓയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തുടർന്ന് വിചാരണക്കോടതി ഓസ്ട്രേലിയൻ പൗരനെ പത്ത് വർഷം തടവിന് ശിക്ഷിച്ചു. അന്ന് ഇയാൾക്ക് വേണ്ടി ഹാജരായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആൻ്റണി രാജു. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കേസ്.
മൂന്നര പതിറ്റാണ്ടിന്റെ നിയമപോരാട്ടത്തിന് ശേഷമാണ് മുൻമന്ത്രിക്കെതിരെ വിധിവരുന്നത്. ആൻ്റണി രാജുവിനെതിരെ ചുമത്തിയ ആറ് വകുപ്പുകളും തെളിഞ്ഞു. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. തൊണ്ടി രജിസ്റ്ററിൽ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ ഏറ്റവും നിർണായകമായ തെളിവായി മാറിയത്.















