ടെഹ് റാൻ: ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തിൽ 35 പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയിലധികമായി തുടരുന്ന പ്രതിഷേധത്തിൽ 1,200 ലധികം പേരെ കസ്റ്റഡിയിലെടുത്തതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 29 പ്രതിഷേധക്കാരും നാല് കുട്ടികളും രണ്ട് ഇറാന് സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടുന്നു.
എന്നാൽ 250 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കും ബസിജ് സേനയിലെ 45 അംഗങ്ങൾക്കും പരിക്കേറ്റു എന്നാണ് ഇറാനിലെ അർദ്ധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഖമേനിയുടെ നേതൃത്വത്തിലുള്ള മത ഭരണകൂടത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയത്. അതേസമയം, നിലവിലെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറാനിലെ ഇന്ത്യൻ പൗരന്മാർ കൃത്യമായ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ കാണുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ ഹാൻഡിലുകളും സൂക്ഷ്മമായി നിരീക്ഷിക്കണം. റസിഡന്റ് വിസയിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു















