കലോത്സവ വേദികൾക്ക് പേരിടുന്നതിൽ നിന്ന് താമരയെ ഒഴിവാക്കിയതിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്‌ക്ക് യുവമോർച്ച സംസ്ഥാന സെക്രട്ടറി എ.എസ്. അഖിലിന്റെ തുറന്ന കത്ത്. 25 വേദികളുണ്ടായിട്ടും ദേശീയ പുഷ്പമായ താമരയുടെയോ, സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല. ഇത് എങ്ങനെ സംഭവിച്ചെന്നറിയാൻ പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ടെന്നും വിദ്യഭ്യാസ മന്ത്രി മറുപടി പറയണമെന്നും എ.എസ്. അഖിലിൽ ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണ്ണരൂപം വായിക്കാം….
64 മത് സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പുഷ്പങ്ങളുടെ പേര് നൽകിയാണ് വേദിയൊരുക്കിയിരിക്കുന്നത്….സന്തോഷം. എന്നാൽ ഒരു വേദിയ്‌ക്ക് പോലും രാജ്യത്തിന്റെ ദേശീയ പുഷ്പമായ താമരയുടെയോ, സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെയോ പേര് നൽകിയിട്ടില്ല. ഇത് എങ്ങനെ സംഭവിച്ചു. പൊതു സമൂഹത്തിനറിയാൻ താല്പര്യമുണ്ട്.
കേരളത്തിന്റെ പൊതുസമൂഹത്തോട് അങ്ങ് തന്നെ മറുപടി പറയണം. നദികളുടെയും നവോത്ഥാന നായകന്മാരുടെയും, ചലച്ചിത്ര പ്രവർത്തകരുടെയും, സാഹിത്യ സാംസ്കാരിക പ്രതിഭകളുടെയും എല്ലാം പേരിൽ ഇതിനുമുമ്പും കലോത്സവ നഗരികൾ ഒരുങ്ങിയിട്ടുണ്ട്. അന്നില്ലാത്ത രാഷ്‌ട്രീയ ഭയം ഇന്ന് മന്ത്രിക്ക് പരാജയഭീതിയായി പിടിച്ചിട്ടുണ്ടോ?
25 വേദികൾക്ക് പൂക്കളുടെ പേര് തിരഞ്ഞെടുത്തപ്പോൾ ഒരു വേദിയ്‌ക്ക് പോലും താമര, കണിക്കൊന്ന എന്ന പേര് നൽക്കാൻ മന്ത്രിയും സംഘാടകരും മറന്നു പോയത് തൃശ്ശൂരിൽ കലോത്സവം നടക്കുന്നതുകൊണ്ടാണോ? ബാങ്ക് കൊള്ളയിലെ പ്രതിയെ ചെയർമാൻ ആക്കി കലോത്സവം കമ്മറ്റി രൂപീകരിക്കാൻ കാണിച്ച കരുതൽ പോലും വേദിക്ക് പേരിടുന്ന കാര്യത്തിൽ ഉണ്ടായില്ലല്ലോ.!! ദേശാഭിമാനിക്ക് പരസ്യമാകാം വേദിക്ക് താമരപ്പൂ പേര് പാടില്ല.
കലോത്സവം തുടങ്ങാൻ ഇനിയും ദിവസങ്ങൾ ഉണ്ട് . തിരുത്താൻ മന്ത്രിയും സംഘാടകരും തയ്യാറാവണം. നേമത്ത് താമര വിരിയാൻ പോകുന്നതിന്റെ ഭയം കലോത്സവ വേദിയിൽ കാണിക്കരുത്.















