തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇതോടെ ഔദ്യോഗിക തുടക്കമാകും.
രാവിലെ പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തിയ അമിത് ഷാ കവടിയാറിൽ നടക്കുന്ന ബിജെപി ജനപ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ബിജെപി കോർ കമ്മിറ്റി യോഗം. വൈകുന്നേരം എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചയുണ്ട്. ബിജെപിയുടെ എപ്ലസ്, എ കാറ്റഗറി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം, സീറ്റ് വിഭജനം എന്നിവ ഇന്നത്തെ യോഗങ്ങളിൽ പ്രധാന ചർച്ചാവിഷയമാകും. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൂടാതെ, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണ സാധ്യതകളും ചർച്ചയായേക്കും. സന്ദർശനത്തോടനുബന്ധിച്ച് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്‌ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്‌ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്, വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജംക്‌ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്‌റ്റോ ജംക്‌ഷൻ, മോഡൽ സ്‌കൂൾ ജംക്‌ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്‌റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും വരുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം.















