തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് ലക്ഷ്മിയെ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ. കുട്ടിയെ കൊണ്ടുവരാൻ ബന്ധുക്കളും പൊലീസും അടങ്ങുന്ന സംഘം ഉടൻ ഹൈദരാബാദിലേക്ക് യാത്ര തിരിക്കും.
കരുമം മാടംപന സ്വദേശി സന്തോഷിന്റെ മകൾ ലക്ഷ്മിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. പുലർച്ചെ 5.30 ന് മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നാണ് കുട്ടി പുറത്തേക്ക് ഇറങ്ങിയത്. കുട്ടിക്ക് എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ളതായി വിട്ടുകാർക്ക് അറിവില്ലായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ കരമന പൊലീസാണ് കേസ് അന്വേഷിച്ചത്. കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ഞായറാഴ്ച ലഭിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചെന്ന കാര്യത്തിൽ വ്യക്തയുണ്ടായിരുന്നില്ല. ദിവസം നാല് പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് കുട്ടിയെ കണ്ടെത്തിയെന്ന ആശ്വാസകരമായ വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചത്.















