കോഴിക്കോട്: ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് ചേമഞ്ചേരിയിലെ കമലയും ശ്യാമളയും. സര്‍വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ നെയ്ത്ത് തൊഴിലാളികളാണ് കമല ഷിംജിത്തും ശ്യാമള ബാലകൃഷ്ണനും. ആന്ധ്രാപ്രദേശിലെ പരമ്പരാഗത നെയ്ത്ത് സമ്പ്രദായമായ കുപ്പടം നെയ്ത്തില്‍ വിദഗ്ധരാണ് ഇരുവരും. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും അതിഥികളായി ക്ഷണിച്ചിരിക്കുകയാണ്.
ആന്ധ്രയിലെ കുപ്പടം ഗ്രാമത്തില്‍ രൂപം കൊണ്ടതു മൂലം കുപ്പടം എന്നറിയപ്പെടുന്ന ഈ നെയ്ത്ത് സമ്പ്രദായം പട്ടുനൂലും പരുത്തി നൂലും കോര്‍ത്തിണക്കി പ്രത്യേക രീതിയിലുള്ള നിര്‍മിതിയാണ്. സാരിയുടെ ബോര്‍ഡറും മറ്റ് ഭാഗവും പ്രത്യേകം നെയ്തുകൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ട് നെയ്ത്തുകാരുടെ ഏകോപിത പ്രവര്‍ത്തനം ആവശ്യമായ നെയ്ത്ത് രീതിയാണിത്. പൂര്‍ണമായും കൈകള്‍ കൊണ്ട് നെയ്യുന്നു എന്നതും കുപ്പടത്തിന്റെ പ്രത്യേകതയാണ്. കുപ്പടം സാരികള്‍ക്ക് 6000 രൂപ മുതല്‍ 8000 രൂപ വരെ വിലയുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ളവയാണ് ഈ സാരികള്‍. കുപ്പടം ദോത്തികളുമുണ്ട്. ഒരു സാരി പൂര്‍ത്തിയാക്കാന്‍ ഏറെ സമയവും ക്ഷമയും വേണം. ഇക്കാലത്ത് കുപ്പടം സാരികൾ വിവാഹവേദികളിൽ ധാരാളം ഉപയോഗിച്ചിട്ടുണ്ട്.
കുപ്പടം ദോത്തി നെയ്ത്തിലാണ് ശ്യാമള തന്റെ കഴിവ് തെളിയിച്ചത്. കമലയ്ക്ക് സാരി നെയ്ത്തിലാണ് വൈദഗ്ധ്യം.ഇരുവരും കൗമാരപ്രായത്തില്‍ തന്നെ ഈ മേഖലയിലേക്കു കടന്നവരാണ്. കമലയുടെ അമ്മയും നാല് സഹോദരിമാരും ബന്ധുക്കളുമെല്ലാം നെയ്ത്തുകാരാണ്. ഇന്ന് പ്രചാരത്തിലുള്ള ഡിസൈനര്‍ കുപ്പടം സാരികള്‍ കമലയുടെ സംഭാവനയാണ്. ശ്യാമള 14ാം വയസില്‍ നെയ്ത്ത് ജോലി ആരംഭിച്ചു. കുപ്പടം സാരികളുടെ നിര്‍മാണത്തില്‍ ബിന്ദു എന്ന സഹപ്രവര്‍ത്തകയും കമലയെ സഹായിക്കുന്നുണ്ട്.
സര്‍വോദയ സംഘവുമായി ഹൃദയബന്ധമാണ് ഇരുവര്‍ക്കുമുള്ളത്. 1962 ല്‍ കെ. കേളപ്പന് സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്നതിനായി സ്ഥാപിച്ചതാണ് കോഴിക്കോട് സര്‍വോദയ സംഘത്തിന് കീഴിലുള്ള ചേമഞ്ചേരി യൂണിറ്റ്. സ്ത്രീ നെയ്ത്തുകാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം, കുപ്പടം വസ്ത്രങ്ങളുടെ നിര്‍മാണത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ചു.
നിലവില്‍ അമ്പതോളം സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജനുവരി 22ന് കമലയും ശ്യാമളയും ദല്‍ഹിയിലേക്ക് യാത്രതിരിക്കും. കമലയുടെ ഭര്‍ത്താവ് ഷിംജിത്തും ഒപ്പമുണ്ടാകും. കുപ്പടം നെയ്ത്തിന് ലഭിച്ച ഈ ദേശീയ അംഗീകാരം, ചേമഞ്ചേരിയുടെ കൈത്തറി പാരമ്പര്യത്തിന് പുതിയ ഊര്‍ജം പകരുന്നതായി നെയ്ത്തുകാര്‍ പറയുന്നു.


















