ഹൈന്ദവ വിശ്വാസപ്രകാരം വരൻ വധുവിന്റെ കഴുത്തിലണിയുന്ന താലിയ്‌ക്ക് മഹത്വങ്ങളേറെയാണ്. അതുകൊണ്ടുതന്നെ ഭർത്താവിന്റെ വിയോഗം വരെ ഭാര്യയുടെ കഴുത്തിൽ താലി വേണമെന്നാണ് വിശ്വാസം. താലിയെ മഞ്ഞ ചരടിൽ കോർത്ത് കെട്ടുന്ന പതിവിൽ നിന്നും വ്യത്യസ്തമായി സ്വർണമാലയിൽ താലി ചാർത്തുന്ന രീതിയും ഇന്ന് പ്രചാരത്തിലുണ്ട്.
മഞ്ഞച്ചരടിൽ വധുവിനെ അണിയിക്കുന്ന താലിയുടെ മൂന്ന് കെട്ടുകൾക്കും പ്രത്യേകതകളുണ്ട്. ആദ്യത്തെയും രണ്ടാമത്തയും കെട്ട് വരനും മൂന്നാമത്തെ കെട്ട് വരന്റെ സഹോദരിയുമാണ് കെട്ടേണ്ടത്. ദാമ്പത്യ ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകുവാൻ വരൻ ബാധ്യസ്ഥനാണെന്ന് ഇതുവഴി ഉറപ്പ് നൽകുന്നു. രണ്ടാമത്തെ കെട്ട് താലികെട്ടിയ വരന്റെ പക്കൽ വധു സുരക്ഷിതയായിരിക്കുമെന്നുള്ള ഉറപ്പ് പ്രദാനം ചെയ്യുന്നു. വരന്റെ സഹോദരി കെട്ടുന്ന മൂന്നാമത്തെ കെട്ട് അവർ വധുവിനെ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി കാണുന്നുവെന്നും അവർക്ക് നവവധുവിനോട് സ്നേഹമുണ്ടെന്നും തെളിയിക്കാൻ സഹായിക്കുന്നു. ഒപ്പം തങ്ങളുടെ കുടുംബത്തിൽ അവൾ സുരക്ഷിതയായിരിക്കുമെന്ന ഉറപ്പും നൽകുന്നു.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ അരക്കെട്ടുറപ്പിക്കുക കൂടിയാണ് ഓരോ താലികെട്ടും. താലികെട്ടുന്നത് വഴി ഓരോ ദമ്പതികളും നൂറു വർഷം ഒന്നിച്ച് സ്നേഹത്തോടെ ഐക്യത്തോടെ , ഒത്തൊരുമിച്ചു ജീവിക്കുമെന്നും ഓരോ സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകുമെന്ന ഉറപ്പും നൽകുകയാണ്.