തിരുവനന്തപുരം: ബിജെപി അധികാരത്തിൽ എത്തിയശേഷം ആദ്യമായി അനന്തപുരിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്നത് 529 കോടി രൂപയുടെ പദ്ധതികൾ. റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് അന്നേ ദിവസം നടക്കുക. ആറ് പുതിയ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ജനുവരി 23 നാണ് പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം..
ആറ് ട്രെയിനുകളിൽ നാലെണ്ണം കേരളത്തിനും രണ്ടെണ്ണം തമിഴ്നാടിനുമാണ്. തിരുവനന്തപുരം – താംബരം, നാഗർകോവിൽ -മംഗളൂരു, തിരുവനന്തപുരം- ഹൈദരാബാദ്, ഗുരുവായൂർ തൃശ്ശൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിന് ലഭിക്കുക. നാഗർകോവിൽ -ചാർലപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്നാടിനുള്ള ട്രെയിനുകൾ. ഷോർണൂർ – നിലമ്പൂർ പാത വൈദ്യുതീകരണം, ചെന്നൈ ബീച്ച് ചെന്നൈ – എഗ്മൂർ നാലാം പാത എന്നിവയുടെ പ്രഖ്യാപനവുമുണ്ടാകും.
അഞ്ച് വർഷത്തെ തിരുവനന്തപുരത്തിന്റെ വികസനരേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തലസ്ഥാന നിവാസികൾ.















