കൊച്ചി: മറൈന്‍ ഡ്രൈവില്‍മഹാപഞ്ചായത്ത് എന്ന പേരിൽ കെപിസിസി സംഘടിപ്പിച്ച കോൺഗ്രസ് സമ്മേളനത്തിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാൽ അതൃപ്തി പരസ്യമാക്കി എഐസിസി പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി പരിപാടി തീരുംമുമ്പേ വേദി വിട്ടു.
രാഹുല്‍ ഗാന്ധി വേദിയിലിരിക്കെ തനിക്ക് പ്രസംഗിക്കാന്‍ അനുമതി നല്‍കിയില്ല, സ്വാഗതം പറഞ്ഞപ്പോള്‍ തന്റെ പേര് മനപൂര്‍വം ഒഴിവാക്കി എന്നിവയാണ് ശശി തരൂരിന്റെ പരാതിക്ക് കാരണം. ദീപ ദാസ് മുന്‍ഷിയോടും കെ.സി. വേണുഗോപാലനോടും അതൃപ്തി വ്യക്തമാക്കിയ തരൂര്‍ രാഹുല്‍ ഗാന്ധി മടങ്ങും മുന്‍പ് വേദി വിട്ടിറങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി. രാഹുല്‍ ഗാന്ധി എത്തിയ ശേഷം മറ്റാരും സംസാരിക്കില്ല എന്നതായിരുന്നു ആദ്യ തീരുമാനമെങ്കിലും പ്രതിപക്ഷ നേതാവടക്കം ഇതിന് ശേഷമാണ് സംസാരിച്ചത്. ഇതാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്.
രാഹുല്‍ ഗാന്ധിയെ എത്തിച്ച് സംഘടിപ്പിച്ച വിജയാഘോഷ പരിപാടിക്കിടെ ശശി തരൂര്‍ പരാതിയറിച്ച ശേഷം വേദിവിടുകയും ചെയ്തു.എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്ന പരാതി കെ.സി. വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും തരൂർ അറിയിച്ചെന്നാണ് വിവരം. കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫാണ് പരിപാടിയിൽ അധ്യക്ഷത വഹിച്ചത്.















