ചെന്നൈ: സനാതന ധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ 2023ലെ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ 100 വർഷങ്ങളായി ദ്രാവിഡകഴകവും പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകവും ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉദയനിധി സ്റ്റാലിൻ ഇതേ ആശയ പരമ്പരയിൽപ്പെടുന്ന നേതാവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
” സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം വംശഹത്യയ്‌ക്ക് സമാനമാണ്. സനാതന ധർമ്മം പിന്തുടരുന്ന ആളുകൾ അവിടെ ഉണ്ടാകരുത് എങ്കിൽ ഉചിതമായ വാക്ക് ‘വംശഹത്യ’ എന്നാണ്. സനാതന ധർമ്മം ഒരു മതമാണെങ്കിൽ അത് മതഹത്യയാണ്”, കോടതി വ്യക്തമാക്കി.
ബിജെപി നേതാവും പാർട്ടി ഐടി സെൽ മേധാവിയുമായ അമിത് മാളവ്യയ്‌ക്കെതിരായ എഫ്ഐആർ റദ്ദാക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റാലിന്റെ പ്രസംഗത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചതിന് അമിത് മാളവ്യയ്‌ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തിരുന്നു.
വിദ്വേഷ പ്രസംദം നടത്തിയവർക്ക് പലപ്പോഴും ശിക്ഷയില്ലെന്നും അതിനെതിരെ പ്രതികരിക്കുന്നവർ ശിക്ഷിക്കപ്പെടുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച “സനാതൻ അബോളിഷൻ കോൺഫറൻസ്” എന്ന കോൺഫറൻസിൽ 2023 സെപ്റ്റംബർ 2-ന് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. സനാതന ധർമ്മം ഡെങ്കിപ്പനി, മലേറിയ, കോവിഡ് -19 പോലെ പകർച്ച വ്യാധിയാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമാണ് ഡിഎംകെ യുവനേതാവ് പറഞ്ഞത്.















