തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ അന്താരാഷ്‌ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കും. ആഗോള ആയുര്‍വേദ, വെല്‍നസ് ഹബ് എന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നതാണ് കോണ്‍ക്ലേവ്. ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി (എപിഎസ്), അനുബന്ധ ടൂറിസം/ആരോഗ്യ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപീകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, ട്രാവല്‍- വ്യാപാര പ്രൊഫഷണലുകള്‍, അന്താരാഷ്‌ട്ര പങ്കാളികള്‍ എന്നിവർ കോണ്‍ക്ലേവിൽ പങ്കെടുക്കും.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കോണ്‍ക്ലേവിന്‍റെ ഒന്നാം ദിവസം (ഫെബ്രുവരി 2) ‘ആയുര്‍വേദത്തിലെ ആഗോള വിപണി പ്രവണതകള്‍, ആയുര്‍വേദത്തെയും യോഗയെയും വെല്‍നസ് ടൂറിസത്തിലേക്ക് സംയോജിപ്പിക്കല്‍, ആയുര്‍വേദത്തിലെ ഗവേഷണവും അന്താരാഷ്‌ട്ര സ്വീകാര്യതയും, മെഡിക്കല്‍ വാല്യു ട്രാവലും ആയുര്‍വേദവും’ എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടാകും.
കോണ്‍ക്ലേവിന്‍റെ രണ്ടാം ദിവസം 150 അന്താരാഷ്‌ട്ര-ആഭ്യന്തര ബയേഴ്സിനേയും കേരളത്തില്‍ നിന്നുള്ള 100 ആയുര്‍വേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി പരിപാടി നടക്കും. കോണ്‍ക്ലേവിന്‍റെ ഭാഗമായെത്തുന്ന പ്രതിനിധികള്‍ക്കായി ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധത്തില്‍ പഠന-വിനോദയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്.















