തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് ഇയാളുടെ സഹോദരൻ രംഗത്ത്. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അമ്മ സജിതയ്‌ക്ക് ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാര്‍ത്ഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സഹോദരന്‍ ബി എം ചന്തു ആരോപിച്ചു. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ ദമ്പതികളുടെ സ്വകാര്യ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടിരുന്നു. ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചും മറ്റും സൈ്വര്യം കെടുത്തിയിരുന്നതായി സഹോദരന്‍ പറഞ്ഞു. ഫോണ്‍ വിളിക്കുമ്പോള്‍ ഗ്രീമ സ്പീക്കറില്‍ ഇടണമെന്നും മറുപടി അമ്മ നല്‍കണമെന്നും അവര്‍ നിര്‍ബന്ധിച്ചിരുന്നു.
ഉണ്ണിക്കൃഷ്ണന്‍ സ്ത്രീധനത്തിനായി ഗ്രീമയെ പീഡിപ്പിച്ചു എന്ന ആരോപണം കുടുംബം നിഷേധിച്ചു. 2016 മുതല്‍ ഫുള്‍ സ്‌കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ അയര്‍ലന്‍ഡില്‍ ട്രിനിറ്റി കോളേജില്‍ പിഎച്ച്ഡിക്ക് പോയത് സ്ത്രീധന തുക കൊണ്ടല്ലെന്നും പൂര്‍ണ്ണമായ സ്‌കോളര്‍ഷിപ്പോടെയാണെന്നും സഹോദരന്‍ വ്യക്തമാക്കി. വിവാഹ സമയത്ത് നല്‍കിയ 200 പവന്‍ സ്വര്‍ണം തങ്ങള്‍ എടുത്തിട്ടില്ലെന്നും അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഗ്രീമയുടെ ആത്മഹത്യാ കുറിപ്പില്‍ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ ചൂണ്ടിക്കാട്ടി.
ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മില്‍ ഒട്ടും പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കാതെ വന്നതിനാൽ രണ്ട് തവണ ഫാമിലി കൗണ്‍സിലിംഗിന് വിധേയമായിരുന്നു. ദമ്പതികള്‍ വേര്‍പിരിയുന്നതാണ് നല്ലതെന്നാണ് കൗണ്‍സിലിംഗില്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചതെന്നും കുടുംബം പറയുന്നു. വിവാഹമോചനത്തിനോ മറ്റോ ശ്രമിച്ചാല്‍ ഉണ്ണികൃഷ്ണന്റെ വീടിന് മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് ഗ്രീമയും അമ്മയും നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. 2020 മുതല്‍ പലപ്പോഴും ഇത്തരത്തില്‍ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. കുടുംബപ്രശ്‌നത്തില്‍ മറ്റൊരാളും ഇടപെടുന്നത് ഇഷ്ടമല്ലെന്ന നിലപാടിലായിരുന്നു അവരെന്നും സഹോദരന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതല്ല. അവിടെയുള്ള അപ്പാര്‍ട്ട്മെന്റിന്റെയും ജോലിയുടെയും കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ പോയതാണ്, കുടുംബം വ്യക്തമാക്കി. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൂന്തുറ പോലീസ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കമലേശ്വരം ആര്യന്‍കുഴി ശാന്തിഗാര്‍ഡന്‍സില്‍ സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത(54)യെയും മകള്‍ ഗ്രീമ എസ്. രാജി(30)നെയുമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ഇവര്‍ സയനൈഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണത്തിന് കാരണം മകളുടെ ഭര്‍ത്താവായ ബി എം ഉണ്ണികൃഷ്ണനാണെന്ന് പറയുന്ന വാട്‌സ് ആപ് സന്ദേശം പുറത്തുവന്നിരുന്നു.
ഉണ്ണിക്കൃഷ്ണന്റെ നിരന്തര മാനസിക പീഡനമാണ് ഇരുവരുടെയും മരണത്തിന് പ്രധാന കാരണം എന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇതെല്ലാം പാടെ നിഷേധിക്കുകയാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബം.















