കോട്ടയം: പത്മ പുരസ്കാരം ഗവൺമെൻറ് ഓഫ് ഇന്ത്യ അംഗീകരിച്ച് തന്നതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത് എസ്എൻഡിപി അംഗങ്ങൾക്ക് അവകാശപ്പെട്ടതാണ്. താനതിൽ സീറോ ആണ്. പുരസ്‌കാരം എസ് എൻ ഡിപി അംഗങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും കിട്ടിയതിന്റെ പേരിൽ അഹങ്കാരമില്ലെന്നും കിട്ടാത്തതിന്റെ പേരിൽ ദുഃഖമില്ലെന്നും വെള്ളാപ്പള്ളി നടേശൻ
തനിക്ക് പാര്‍ലമെന്ററി വ്യാമോഹമില്ല. പാര്‍ലമെന്ററി മോഹം വരുമ്പോഴാണ് നമ്മുടെ നടു വളയുന്നത്. ഇത്രയും പ്രായമുള്ള എനിക്ക് പാര്‍ലമെന്ററി മോഹമുണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഊളമ്പാറയിലേക്ക് അയക്കുകയാണ് വേണ്ടത്.’ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പത്മഭൂഷണ്‍ ലഭിച്ച വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി കോട്ടയം യൂണിറ്റ് നല്‍കിയ ആദരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളിരിക്കുന്ന കസേരയോട് നീതി പുലര്‍ത്തുകയാണ് വേണ്ടത്. ഈ കസേരയിലിരുന്നു കൊണ്ട് മറ്റൊരു കസേര മോഹിച്ചാല്‍ സംഘടന നന്നാകില്ല. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് ലഭിച്ച പുരസ്‌കാരമാണ്. മൈക്രോഫിനാന്‍സ് എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ പ്രവര്‍ത്തനത്തിനാണ് തനിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച’തെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിക്കൊപ്പമാണ് പത്മഭൂഷൺ പുരസ്കാരംലഭിച്ചത് . പക്ഷെ താൻ ഒന്നും അഭിനയിച്ചിട്ടില്ല, എസ് എൻ ഡി പിയുടെ ശക്തി സ്വയം തിരിച്ചറിയണം എന്നും മന്ത്രിമാർ എം എൽ എമാർ എത്രയെണ്ണം ഉണ്ടായെന്ന് ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു
’30 കൊല്ലങ്ങള്‍ക്ക് മുമ്പ് ഈഴവര്‍ക്ക് ഒരു പട്ടിയുടെ പരിഗണനയെങ്കിലും ലഭിച്ചിരുന്നോ?. ഞാന്‍ വന്നതിനു ശേഷമാണ് പട്ടിയല്ല, മനുഷ്യനാണ് എന്ന പരിഗണന വരുന്നത്. ഈ 30 കൊല്ലം കൊണ്ടാണ് മാറ്റം വന്നത്. അല്ലാതെ ആര് എന്തു പരിഗണനയാണ് നല്‍കുന്നത്. കോട്ടയത്ത് ഈഴവനായി ഒരു എംഎല്‍എ മാത്രമാണുള്ളത്. വി എന്‍ വാസവന്‍ മാത്രം.’ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
“സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും കൃത്യമായി ലഭിച്ചിരുന്നില്ല. ഇതേപ്പറ്റി അറിവും തിരിച്ചറിവുമുള്ള ആളുകള്‍ പലരും ഇതേപോലുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊണ്ടുപോകുമ്പോള്‍ നമ്മള്‍ക്ക് വെറുതെ നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂ. ഇത് ചോദിച്ചാല്‍ ജാതി പറഞ്ഞെന്നായി. പിന്നെ ഗുരുദേവനെ മുന്നില്‍ നിര്‍ത്തി നമ്മളെ തകര്‍ത്താനും തളര്‍ത്താനുമാണ് ശ്രമിക്കുന്നത്. എന്തായാലും നമുക്ക് ആരോടും വിദ്വേഷം വേണ്ട” വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യൂട്യൂബിലൂടെ തന്നെ തെറി പറയിപ്പിക്കാൻ ചില മത ശക്തികൾ ശ്രമിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. നിങ്ങളെന്നെ ഒരു കസേര ഏൽപ്പിച്ചിട്ടുണ്ട്, ആ കസേരയോട് നീതി പുലർത്തും വെള്ളാപ്പള്ളി പറഞ്ഞു. വരും കാലം സംഘടനയുടേതാകണം അത് ആരുടേയും ഒന്നും പിടിച്ചു പറിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.















