ബംഗളൂരു: ബെംഗളൂരു നഗരപ്രാന്തത്തിലെ ഒരു വാടക വീട്ടിൽ അസമിൽ നിന്നുള്ള നാല് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്വാസംമുട്ടി മരിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹൊസ്‌കോട്ട് താലൂക്കിലെ മുത്സന്ദ്ര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ജോലി ആവശ്യത്തിനായി അസമിൽ നിന്നും എത്തിയവരാണ് മരിച്ച നാലുപേരും.
ജയന്ത് സിന്ധെ (25), നിരേന്ദ്രനാഥ് തായിദ് (24), ഡോക്ടർ തായിദ് (25), ധനഞ്ജയ് തായിദ് (20) എന്നിവരാണ് മരിച്ചത്. സമീപത്തുള്ള കൊക്കകോള ഗോഡൗണിലെ ജീവനക്കാരായിരുന്നു ഇവർ. ഗ്രാമവാസിയായ ചോട്ടാസാബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
അടുപ്പിൽ അരി പാകം ചെയ്യുന്നതിനിടെ വീട്ടിൽ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വീട്ടിൽ വെന്റിലേഷൻ സംവിധാനമില്ലെന്നും ഒരേയൊരു ജനൽ അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
സമീപത്തുള്ള ഒരു ഗോഡൗണിൽ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിക്കാരായിരുന്നു ഇവർ.
തണുപ്പ് കാരണം, അവർ വാതിലുകളും ജനലുകളും അടച്ചിട്ടിരുന്നു, ഇത് വീട് വായുസഞ്ചാരമില്ലാത്തതാക്കി എന്നാണ് അനുമാനം.
ബെംഗളൂരു റൂറൽ എസ്പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി.















