ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലേക്ക് യാത്ര തിരിച്ചു. പത്താമത് ഭാരതം-മലേഷ്യ സിഇഒ ഫോറത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം. മലേഷ്യൻ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രി ഉഭയകകക്ഷി കൂടിക്കാഴ്ച്ച നടത്തും. പ്രതിരോധം, ഊർജ്ജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, ടൂറിസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നിവ ചർച്ചയാകും.
മലേഷ്യയുമായുള്ള പ്രതിരോധ- സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുടെ വികസനത്തിൽ മലേഷ്യയുടെ പങ്കിനെ നരേന്ദ്രമോദി പ്രശംസിച്ചു.
മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 30 ലക്ഷം ഭാരതിയർ മലേഷ്യയിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹമാണിത്. ഇന്ത്യൻ പ്രവാസി സമൂഹം മലേഷ്യയുടെ പുരോഗതിക്ക് വലിയ സംഭാവന നൽകുന്നതായും രണ്ട് രാജ്യങ്ങൾക്കിടയിൽ ജീവനുള്ള പാലമായി വർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.















