തിരുവനന്തപുരം: പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിനിടെ ചിത്രം ഉയർത്തിക്കാട്ടിയ കൊച്ചുമിടുക്കനെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനക്കത്ത്. തിരുവനന്തപുരം പെരുന്താന്നി സ്വദേശി സിദ്ധാർത്ഥിനാണ് പ്രധാനമന്ത്രി കത്തയച്ചത്. ഇത്രയും വേഗം പ്രധാനമന്ത്രി കത്ത് അയക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിദ്ധാർത്ഥ് ജനം ടിവിയോട് പറഞ്ഞു.
പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ്, താങ്കള്‍ സന്തോഷത്തോടെ സുഖമായിരിക്കുന്നല്ലോ എന്ന ചോദ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ കത്ത് തുടങ്ങുന്നത്. നിന്റെ ഉള്ളിലെ സർഗ്ഗശക്തിയും ആവേശവുമാണ് നീ ഉയർത്തിപ്പിടിച്ച ആ ചിത്രത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി കത്തിലൂടെ പറഞ്ഞു. നമ്മുടെ യുവശക്തിയുടെ കരുത്താണിത്. നിന്റെ സർഗ്ഗാത്മകമായ എല്ലാ പരിശ്രമങ്ങളും ഇതേ ആവേശത്തോടും അർപ്പണബോധത്തോടും കൂടി തുടരാൻ സാധിക്കട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
കഴിഞ്ഞ 23ന് പ്രധാനമന്ത്രി പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ചിത്രം ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന സിദ്ധാര്‍ത്ഥ് പ്രധാനമന്ത്രിയുടെ ശ്രദ്ധനേടിയത്. “കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്ക്കാം’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ പ്രധാനമന്ത്രിയുടെ സുരക്ഷ ജീവനക്കാർ സിദ്ധാർത്ഥിന്റെ അടുത്തെത്തി ചിത്രം വാങ്ങുകയായിരുന്നു.
നീല കുര്‍ത്തയും വര്ണത്തലപ്പാവുമണിഞ്ഞ് മന്ദസ്മിതം തൂകുന്ന പ്രധാനമന്ത്രിയുടെ ചിത്രം സിദ്ധാർത്ഥ് രാത്രിയിൽ ഉറക്കമൊഴിച്ച്, നാല് മണിക്കൂർ കൊണ്ടാണ് വരച്ചത്. തിരുവനന്തപുരം പെരുന്താന്നി ശ്രീചിത്ര നഗര്‍ രുഗ്മിണി ഹൗസില്‍ ശ്രീജിത്തിന്റെയും രേഷ്മ ആര്. നായരുടെയും മകനാണ് സിദ്ധാർത്ഥ്. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ ആറാം ക്ലാസ് വിദ്യർത്ഥിയാണ്.















