ദാമ്പത്യ ജീവിതത്തിലെ ഏറ്റവും വലിയ സാന്തോഷവും കെട്ടുറപ്പും നൽകുന്നത് സന്താനങ്ങളാണ്. സത്സന്താന ലബ്ധിക്കായി ദമ്പതിമാർ അനുഷ്ഠിക്കാത്ത വ്രതങ്ങളും നടത്താത്ത പ്രാർത്ഥനകളും ഉണ്ടാകില്ല. അവയിൽ ഏറ്റവും പ്രത്യേകതയുള്ള ഒരു ആരാധനാക്രമമാണ് സന്താന കാമേശ്വരി.
ദേവി ആരാധനയുടെ പരമ കോടിയായ ശ്രീവിദ്യാ സമ്പ്രദായം അനുസരിച്ചുള്ള ആരാധനാക്രമങ്ങളിൽ പരാശക്തിയായ ലളിതാ ത്രിപുരസുന്ദരിയെ വിവിധ ഭാവങ്ങളിൽ ആരാധിച്ചു വരുന്നു. അവയിൽ ഭക്തർക്ക് സന്താന പ്രാപ്തി സന്താന രക്ഷണം, ഗർഭ സുരക്ഷ, ശിശുവിന്റെ ആരോഗ്യം ദീർഘായുസ്സ് എന്നിവ നൽകുന്ന ദിവ്യരൂപമാണ് സന്താന കാമേശ്വരി ദേവി.
ദേവിയുടെ ദിവ്യശക്തി മനസ്സിലെ വ്യാകുലത നീക്കുകയും വന്ധ്യത ശാരീരിക മാനസിക തടസ്സങ്ങൾ നക്ഷത്ര ദോഷങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന സന്താന പ്രശ്നങ്ങൾ എല്ലാം ശമിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. വശിന്യാദി വാഗ്ദേവതമാർ ലളിതാസഹസ്രനാമത്തിൽ ദേവിയെ ശ്രീ മാതാ എന്ന നാമത്താലാണ് സ്തുതിച്ചു തുടങ്ങുന്നത്. സൃഷ്ടി, കരുണ, മാതൃത്വം, എന്നീ ത്രയ ശക്തികളുടെ സകല ദിവ്യതയും ഒരേ രൂപത്തിൽ അനുഭവിക്കാൻ കഴിയുന്ന ഭാവമാണ് സന്താന കാമേശ്വരി ദേവി.
ഈ സവിശേഷമായ ആരാധനാ സമ്പ്രദായത്തെ കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണ് സന്താന കാമേശ്വരി രഹസ്യം. നിരവധി ആധ്യാത്മിക ഗ്രന്ഥങ്ങളുടെ കർത്താവായ സുകേഷ് പി ഡി ആണ് ഇതിന്റെ രചയിതാവ്. ദേവിയുടെ മാഹാത്മ്യവും ഉപാസനാക്രമവും സന്താന കാമേശ്വരി മന്ത്രവും പ്രയോഗ വിധികളും യന്ത്രവും കാമേരി കാമേശ്വരന്മാരുടെ സ്തുതികളും ഉൾപ്പെടുന്ന ഈ ചെറുപുസ്തകം, സൽ സന്താന ലബ്ധിക്കായി നേർച്ച കാഴ്ചകൾ നടത്തിവരുന്ന ദമ്പതിമാർക്ക് ഒരു അനുഗ്രഹമാണ്.
ഉപാസന പദ്ധതികളുടെ ഏറ്റവും ഉൽകൃഷ്ട രൂപമായ ശ്രീവിദ്യാ പദ്ധതിയുടെ ഭാഗമായതുകൊണ്ട് തന്നെ ഈ ആരാധനാ പദ്ധതിയിലൂടെ മുന്നോട്ടുനീങ്ങുന്നവർക്ക് ഉദ്ദേശിച്ച ഫലം ഉറപ്പാണെന്നാണ് അഭിജ്ഞ മതം. ശ്രീ കാമേശ്വരി അഷ്ടോത്തര ശതനാമസ്തോത്രവും, അഷ്ടോത്തര ശതനാമാവലിയും, സന്താന കാമേശ്വരി എന്ന ദേവതാസങ്കല്പത്തെ കുറിച്ചുള്ള വിശദീകരണവും ഈ പുസ്തകത്തിലുണ്ട്.
ഗർഭ രക്ഷയ്ക്കും, ദാമ്പത്യഭദ്രതയ്ക്കും, സന്താന ലബ്ധിക്കും നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സന്താന കാമേശ്വരി ഉപാസനയ്ക്കുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ ഉള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കല്യാണി ബുക്ക് ട്രസ്റ്റ് ആണ്.















