കുറ്റ്യാടിലെ പെൻഷൻ തിരക്കഥ പൊളിഞ്ഞതിന് പിന്നാലെ സിപിഎമ്മിനെയും എം. വി ഗോവിന്ദനെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സ്റ്റേജിൽ വെച്ച് എം. വി ഗോവിന്ദന് പണം കൈമാറിയത് നേതാക്കൾ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി മൊയ്തീൻ വെളിപ്പെടുത്തിയിരുന്നു. ഗോവിന്ദന് നൽകിയത് തന്റെ പെൻഷൻ കാശ് അല്ലെന്നും പാർട്ടിക്കാർ നൽകിയ പണമാണെന്നും വയോധികൻ പറഞ്ഞു. വികസന മുന്നേറ്റ ജാഥയിലെ നാടകം പൊളിഞ്ഞത് സിപിഎമ്മിന് വലിയ നാണക്കേടായിരിക്കുകയാണ്. ഇതിനിടെയാണ് ജോയ് മാത്യുവിന്റെ പരിഹാസം കൂടി എത്തിയിരിക്കുന്നത്.
ജോയ് മാത്യുവിന്റെ കുറിപ്പ്
ബാലുശേരിയിലെ നാടക ബാലപാഠങ്ങൾ
സംഗീത നാടക അക്കാദമിയും സ്കൂൾ ഓഫ് ഡ്രാമ പോലുള്ള സർക്കാർ സ്ഥാപനങ്ങളും ഉള്ളപ്പോൾ
അതിൽ നിന്നും പഠിച്ചിറങ്ങിയ ഏതെങ്കിലും പാർട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കിൽ ബാലുശേരിയിലെ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെ.
ചിലപ്പോൾ അന്തർ ദേശീയ നാടകോത്സവങ്ങളിൽ
ബഹുമതിക്കാൻ വരെ സാധ്യതയുണ്ടായിരുന്നു .
നാടകം അറിയാത്ത ഏതോ പിആർ അടിമ സംവിധാനിച്ചതാവാനാണ് വഴി .
ഒന്നാമത് സ്ക്രിപ്റ്റ് ഒട്ടും നാടകീയത ഇല്ലാത്തതായിപ്പോയി .
(പെൻഷൻ കിട്ടിയ വയസ്സൻ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ നിന്നും അരങ്ങിലേക്ക് വേച്ച് വേച്ചു വരണമായിരുന്നു;കൈപിടിച്ചു നടത്താൻ കൊച്ചുമക്കൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പുതു തലമുറയുടെ ഒരു സിംബോളിക് effect കിട്ടുമായിരുന്നു )
വയസ്സൻ കഥാപാത്രത്തിന്റെ ആഹാര്യം (വേഷവിധാനം)ശരിയായില്ല .
ഷർട്ടിടാതെ തലയിൽ ഒരു പാളതൊപ്പി ഘടിപ്പിക്കേണ്ടിയിരുന്നു .കയ്യിൽ വാച്ച് പാടില്ലായിരുന്നു. ഡബിൾ മുണ്ടിന് പകരം മുഷിഞ്ഞ തോർത്തുമുണ്ടായിരുന്നെങ്കിൽ കസറിയേനെ.
അഭിനയം:ഗോവിന്ദൻ മാഷ് ഒഴിച്ചു സഹനടന്മാർ ആരും നന്നായില്ല.
വയസ്സൻ കഥാപാത്രമാകട്ടെ
പഠിച്ച ഡയലോഗ് മറന്നു.
പ്രോംപ്റ്റർ ഉള്ളത് കൊണ്ട് ഒരുവിധം രക്ഷപ്പെട്ടു.
നാടകത്തിന്റെ അന്ത്യരംഗം കുറച്ചുകൂടി ഉജ്ജ്വലമാക്കാമായിരുന്നു (വയസ്സൻ കഥാപാത്രത്തിനു സൈഡ് കർട്ടന്റെ മറവിൽകൂടി ഒരു ചുവന്ന കൊടി കൊടുക്കുകയും അയാൾ പാടുപെട്ട് അത് പൊക്കി
“ഇനി ഞാനും നിങ്ങളെ പാർട്ടിയിലാ ”
എന്ന് പറയുമ്പോൾ
കൂടെയുള്ള കൊച്ചുകൂട്ടി “ഞാനുമുണ്ട് അപ്പൂപ്പാ ”
എന്ന് പറഞ്ഞു കൊടിയുടെ വടി തൊടുമ്പോൾ
“ഉണരുവിന് സഖാക്കളെ “എന്നോ മറ്റോ ഉള്ള ഒരടിപൊളി ബി ജി എം
കൂടെ വേണ്ടിയിരുന്നു.
കർട്ടൻ വീഴുന്നതിനു മുൻപ് രംഗത്തുള്ള എല്ലാവരും വയസ്സൻ പിടിച്ചു പൊക്കിയ കൊടിയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോസിൽ freez ചെയ്യണം (ശ്രദ്ധിക്കേണ്ട കാര്യം താൻ കൊടുത്ത് കാശ് ഗോവിന്ദൻ മാഷ് തിരിച്ചു തന്നത് എണ്ണി നോക്കിയില്ലല്ലോ എന്ന ആകുല ഭാവം പ്രധാന കഥാപാത്രത്തിന്റെ മുഖത്ത് വരാൻ പാടില്ല )
നിസ്സാരമായ ഈ പിഴവുകൾ ഉണ്ടെങ്കിലും
സ്വാഭാവികാഭിനയത്തിനുള്ള ഒരു സ്പെഷ്യൽ അവാർഡിന് ശുദ്ധഹൃദയനായ ഗോവിന്ദൻ മാഷ് അർഹനാണ്.
നാടകങ്ങൾ ഇനിയും വേണം
നാടകമാണല്ലോ നാടിന്റെ അകം.
നാടകങ്ങളിലൂടെ വളർന്ന പാർട്ടിയാണല്ലോ നമ്മുടെ പാർട്ടി എന്ന ബോധം പാർട്ടി നാടകക്കാർക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം !















