അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അന്താരാഷ്‌ട്ര സമുദ്രാ അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. സ്പീഡ് ബോട്ടിൽ കടത്തുകയായിരുന്ന 200 കിലോയിൽ അധികം മയക്കുമരുന്ന് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഇറാൻ പൗരന്മാരായ അബ്ദുൾ മജീദ്, അബ്ദുൾ സത്താർ എന്നിവരെ പിടികൂടി.
കടൽമാർഗ്ഗം ലഹരി കടത്തുന്നു എന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസും കോസ്റ്റൽ ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിലായവരെ ചോദ്യംചെയ്ത് വരികയാണ്.
ഇറാൻ കേന്ദ്രമായ ലഹരി ശൃംഖലയുടെ തലവനായ ഹാജി ഫിദ, പഞ്ചാബിലേക്ക് മയക്കുമരുന്ന് അയയ്‌ക്കാൻ പദ്ധതിയിടുന്നതായി എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇറാൻ നിർമിത ബോട്ടിൽ ഒരു കിലോഗ്രാം ഭാരമുള്ള 203 പാക്കറ്റുകളിലാക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഒരു ചെറിയ സ്പീഡ് ബോട്ടിൽ ഇത്രയും ദൂരം സഞ്ചരിക്കുന്നത് അസാധാരണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഈ വഴി മുമ്പ് ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം. പഞ്ചാബ് ആസ്ഥാനമായുള്ള ലഹരി ഇടപാടുകാരനെ കണ്ടെത്താനുള്ള ശ്രമവും എടിഎസ് ആരംഭിച്ചിട്ടുണ്ട്.















