ആലപ്പുഴ: ചികിത്സപിഴവിനെ തുടർന്ന് നവജാതശിശു മരിച്ചതായി പരാതി. കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് എതിരെയാണ് പരാതി ഭരണിക്കാവ് സ്വദേശികളായ അതുല്യ – അജീഷ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. അജീഷിന്റെ പരാതിയിൽ കായംകുളം പോലീസ് കേസെടുത്തു
ബുധനാഴ്ചയായിരുന്നു യുവതിയുടെ പ്രസവതീയതി പറഞ്ഞിരുന്നത്. 22 ന് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും പറഞ്ഞു വിട്ടു. പിന്നീട് തിങ്കളാഴ്ച ഉച്ചയോടെ വീണ്ടുമെത്തി. ഇതിന് ശേഷം ലേബർ റൂമിൽ പ്രവേശിപ്പിച്ചു. സിസേറിയൻ ചെയ്യണമെന്ന് പറഞ്ഞ് ഭർത്താവിൽ ഒപ്പിട്ട് വാങ്ങി. പിന്നീട് രക്തസ്രാവം ഉണ്ടായി എന്നാണ് ഡോക്ടർമാർ തങ്ങളോട് പറഞ്ഞത്, ബന്ധുക്കൾ പറഞ്ഞു.
സിസേറിയനിലൂടെ പുറത്തെടുത്ത ആൺ കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചപ്പോൾ കുട്ടി മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണം. ഇത് സംബന്ധിച്ച് കായംകുളം സ്റ്റേഷനിൽ പരാതി നൽകിയതായും ബന്ധുക്കൾ പറഞ്ഞു.















