ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നത് ഇനിമുതൽ ‘കേരളം’എന്നാക്കി മാറ്റും . ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ഏറെനാളത്തെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണിത്. ഇതിനുവേണ്ടിയുള്ള ബില്ലിന് ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ഈ അംഗീകാരം നൽകിയത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യണമെന്നായിരുന്നു സംസ്ഥാനത്തിന്റെ നാളുകളായുള്ള ആവശ്യം. ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം ഇതിനുവേണ്ടിയുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.കേരള മാറ്റി കേരളം എന്നാക്കുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിയമസഭ ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയതും കത്തിൽ സൂചിപ്പിച്ചിരുന്നു.
2023 ഓഗസ്റ്റിലും ഇതേ ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം. ഇതനുസരിച്ചാണ് പരിഷ്കരിച്ച പ്രമേയം നിയമസഭ പാസാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 3-ലെ വ്യവസ്ഥ പ്രകാരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനായി ഇന്ത്യൻ രാഷ്ട്രപതി 2026 ലെ കേരള (പേരുമാറ്റം) ബിൽ കേരള സംസ്ഥാന നിയമസഭയിലേക്ക് റഫർ ചെയ്യും. കേരള സംസ്ഥാന നിയമസഭയുടെ അഭിപ്രായങ്ങൾ ലഭിച്ചതിനുശേഷം, ഇന്ത്യാ സർക്കാർ തുടർനടപടികൾ സ്വീകരിക്കുകയും ‘കേരളം’ എന്ന സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള 2026 ലെ കേരള (പേരുമാറ്റം) ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് പ്രസിഡന്റിന്റെ ശുപാർശ നേടുകയും ചെയ്യും.















