തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. 50000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കാത്തപക്ഷം അധികമായി 8 മാസം തടവും അനുഭവിക്കണം.തിരുവനന്തപുരം കരകുളം വേറ്റികോണം ചെക്കക്കോണം മാടവന ലെയ്ൻ വിനോദ് ഭവനിലെ ശശി (80, ആന്റണി)യെ കൊലപ്പെടുത്തിയ കേസിൽ മകൻ വിനോദിനെ (40)യാണ് ശിക്ഷിച്ചത്.
തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി കെ പി അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്.
ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായിരുന്ന ആന്റണിയുടെ കൈയിലുണ്ടായിരുന്ന സമ്മാനാർഹമായ ടിക്കറ്റുകൾ നൽകാത്തതിനെത്തുടർന്ന് 2022 ജൂലൈ 19ന് രാത്രി വീട്ടിലേക്കുള്ള ഇടവഴിയിൽവച്ചായിരുന്നു കൊലപാതകം. റോഡരികിലെ ഇരുമ്പുപൈപ്പിൽ പിടിച്ചുനിന്ന ആന്റണിയുടെ വയറിനും മുതുകിനും വിനോദ് ചവിട്ടി. പിന്നീട്ആന്റണിയുടെ തല റോഡരികിലെ ഇരുമ്പുപൈപ്പിൽ ഇടിപ്പിച്ചു. പൈപ്പിലെ പിടിവിട്ടപ്പോൾ ഇടുപ്പിൽ പിടിച്ചുയർത്തി തറയിൽ അടിച്ചു.
ആന്റണിയെ അരുവിക്കര പൊലീസ് എത്തിയാണ് പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചത്. ഗവ. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സെപ്തംബർ 12നാണ് മരിച്ചത്. തലയ്ക്കേറ്റ മുറിവായിരുന്നു മരണകാരണം.















