ശരിയായ ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും , മെറ്റബോളിസം വർദ്ധിപ്പിച്ച് ഭാരം കുറയ്‌ക്കാനും, ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകി ചുളിവുകൾ മാറ്റാനും ചർമ്മം തിളങ്ങാനും സഹായിക്കും. മാത്രവുമല്ല, ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി വൃക്കയുടെ പ്രവർത്തനക്ഷമത കൂട്ടാനും ഇത് സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുന്നതിനും മലബന്ധം ഒഴിവാക്കാനും വെള്ളം കുടിക്കുന്നതുവഴി സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.
നിര്‍ജലീകരണം മൂലം ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് തലച്ചോറിന് ഏറെ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. ചർമ്മ വരൾച്ച അനുഭവപ്പെടുന്നവർ എല്ലാ ദിവസവും ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് തിളക്കമുള്ള ചർമ്മം നൽകാൻ സഹായിക്കുന്നു.















