തിരുവനന്തപുരം: ശബരിമലയെ തകർക്കാൻ ശ്രമിച്ചതുപോലെ ആറ്റുകാൽ പൊങ്കാലയെയും തകർക്കാനുള്ള പിണറായി സർക്കാരിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും നീക്കം തീക്കളിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്.
നഗരത്തിലെ കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ടുവരും. ബിജെപിയൊടൊപ്പം നഗരത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളും ഇതിൽ അണിചേരും.
കുടിവെള്ളം മുടക്കി ആറ്റുകാൽ പൊങ്കാലയെ തകർക്കാമെന്ന വ്യാമോഹം പിണറായി സർക്കാരിന് വേണ്ട. മുൻപ് സമാനമായ രീതിയിൽ പൊങ്കാല സമയത്ത് കുടിവെള്ളക്ഷാമം ഉണ്ടായപ്പോൾ, കൊല്ലത്തുനിന്നും മറ്റും വെള്ളം എത്തിച്ച് വിതരണം ചെയ്ത് പൊങ്കാല ഭംഗിയായി നടത്തിയ പാരമ്പര്യം തിരുവനന്തപുരത്തെ ദേശീയ പ്രസ്ഥാനങ്ങൾക്കുണ്ടെന്നും സുരേഷ് പറഞ്ഞു.
കുടിവെള്ളം നിഷേധിക്കാൻ പിണറായി സർക്കാർ മനപ്പൂർവം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയ്‌ക്ക് മുൻപിൽ ബിജെപിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.















