കൊച്ചി: അങ്കമാലിയിൽ വാഹനമിടിച്ചു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ കടുത്ത വിമർശനവുമായി കുടുംബം. ഇത്രയും സംവിധാനങ്ങൾ ഉണ്ടായിട്ടും അപകടം സംഭവിച്ച് ആറ് ദിവസമായിട്ടും പ്രതിയെ പിടിച്ചിട്ടില്ല. പ്രതി വലിയവൻ ആയതിനാലാണോ പിടികൂടാത്തതെന്നും സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് വിലയില്ലേയെന്നും ജസ്ലിയയുടെ അമ്മ ലീമ ചോദിച്ചു.
പ്രതി ഡോക്ടർ ആണ്. ജീവൻ സംരക്ഷിക്കേണ്ടവനാണ് ജീവൻ എടുത്തത്. പ്രതി വലിയവൻ ആയതിനാലാണോ പൊലീസ് പിടികൂടാത്തത്. സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് വിലയില്ലേ? പ്രതി ഇനി ഡോക്ടർ ആയി വരുമ്പോൾ എത്രയോ ജീവനുകൾ അയാളുടെ കയ്യിൽ നിന്ന് പിടയില്ലേ. മകൾക്ക് നീതി ലഭിക്കണം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇതുവരെ കുടുംബത്തെ സമീപിച്ചിട്ടില്ല.
അവയവദാനത്തിന്റെ നടപടിക്കായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയെന്ന് ജസ്‌ലിയയുടെ അച്ഛൻ ജോൺസൺ പറഞ്ഞു. പോലീസ് മനസുവച്ചാൽ പ്രതിയെ പിടിക്കാമായിരുന്നു. രണ്ട് കോളേജ് ഉള്ള ഇടത്ത് റോഡിൽ ഒരു ഹമ്പ് പോലും ഇല്ല. വൈകിയതിനാൽ പ്രതി മദ്യപിച്ചിരുന്നോ എന്ന് ഇനി കണ്ടെത്താനും കഴിയില്ല. അവയവദാനം നടന്നത് വാർത്തയായതിനാലാണ് പോലീസ് അന്വേഷണത്തിന് നിർബന്ധിതരായത്. അല്ലെങ്കിൽ മറ്റൊരു അപകടമരണമായി മാഞ്ഞു പോയേനെയെന്നും കുടുംബം ചൂണ്ടിക്കാട്ടി.















