കൊച്ചി: നാളുകൾക്കു ശേഷം മലയാള സിനിമയിലെ മഹാരഥന്മാർ ഒന്നിക്കുന്ന ചിത്രം’പേട്രിയറ്റ്’ന് തിയേറ്ററുകളിൽ വിലക്ക്. ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക് ആണ് വിലക്കുമായി രംഗത്തെത്തിയത്.
സിനിമ നിർമാതാക്കൾ തിയേറ്റർ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. സിനിമയുമായി കരാർ വയ്‌ക്കരുതെന്ന് ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക് (FEUOK) തിയേറ്ററുകളെ അറിയിച്ചു. ഏപ്രിൽ 23 നാണ് സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
ആദ്യ ആഴ്ചയിൽ 60%, രണ്ടാം ആഴ്ചയിൽ 55 ശതമാനം, മൂന്നാം ആഴ്ചയിൽ 50% എന്നിങ്ങനെയാണ് നിലവിൽ തിയേറ്ററുകൾ നിർമാതാക്കൾക്ക് നൽകുന്ന വിഹിതം. ആദ്യത്തെ രണ്ടാഴ്ചയും 60% തന്നെ തിയേറ്റർ വിഹിതം വേണമെന്നാണ് ‘പേട്രിയറ്റ്’ നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്.
മ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമായ ‘പേട്രിയറ്റ്’, മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘പാട്രിയറ്റ്’ പൂർത്തിയായത്.
സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.















