ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് പെരുമ്പളം പാലം നാടിന് സമർപ്പിച്ചു.
കേരളത്തിലെ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം നാടിന് സമർപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പെരുമ്പളം ദ്വീപ് നിവാസികളായ പന്ത്രണ്ടായിരത്തോളം വരുന്ന ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്‌ബി ഫണ്ടിൽ നിന്ന് 106 കോടി രൂപ മുടക്കി നിർമിച്ച പാലമാണിത്.
ഉദ്‌ഘാടന ചടങ്ങ് കാണാനായി ആയിരക്കണക്കിന് ജനങ്ങൾ പെരുമ്പളത്തെത്തിയിരുന്നു. ഉച്ചയോടെയാണ് നാട മുറിച്ച് മുഖ്യമന്ത്രി പാലം ഉദ്‌ഘാടനം ചെയ്‌തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ്(എസി റോഡ്), 65. 5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം മങ്കൊമ്പ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
ആകെ 1155.40 മീറ്റര്‍ നീളമുള്ള പാലത്തിന് 35 മീറ്റര്‍ 27 സ്പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയില്‍ 55 മീറ്റര്‍ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ച് സ്പാനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ പ്രകൃതിരമണീയമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന.















