കൊല്ലം: മൽസ്യ ബന്ധനത്തിനിടെ വിയറ്റ്നാം കപ്പലുമായി ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒൻപത് മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി. കരയിലെത്തിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി കൊല്ലം ശക്തികുളങ്ങരയിൽ നിന്നും ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെൻ്റ് ജോസഫ് എന്ന ബോട്ടിലെ തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ വിഴിഞ്ഞം തീരത്ത് എത്തിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന രണ്ട് മൽസ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രി കൊല്ലം തീരത്തുനിന്ന് ഏകദേശം 120നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 11തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനത്തിനിടെ വിദേശ കപ്പൽ ബോട്ടുമായി കൂട്ടിയിടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണ്ണമായും തകരുകയും മിനിറ്റുകൾക്കുള്ളിൽ കടലിൽ മുങ്ങുകയും ചെയ്തു.
അപകടം നടന്നപ്പോൾ തന്നെ ഇത് തിരിച്ചറിഞ്ഞ കപ്പൽ അധികൃതർ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് 9തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. രണ്ട് പേരെ കണ്ടെത്താനായില്ല. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെയും തീരദേശ പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
തീരദേശ പോലീസ് (Coastal Police) അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്താരാഷ്‌ട്ര സമുദ്ര നിയമങ്ങളുടെ (Maritime Law) ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.















