കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ നടൻ ദിലീപടക്കമുള്ളവർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. ദിലീപടക്കമുള്ള പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് ശിക്ഷയുയർത്തണം എന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയിരുന്നു. കേസിൽ ആറ് പ്രതികളെമാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടൻ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് പ്രോസിക്യൂഷൻ ചോദ്യംചെയ്യുന്നത്. നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങളാലാണെന്ന് പ്രോസിക്യൂഷൻ നേരത്തെ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി എൻ എസ് സുനിൽകുമാർ (പൾസർ സുനി), രണ്ടാംപ്രതി മാർട്ടിൻ ആന്റണി, മൂന്നാംപ്രതി ബി മണികണ്ഠൻ, നാലാംപ്രതി വി പി വിജീഷ്, അഞ്ചാംപ്രതി എച്ച് സലിം (വടിവാൾ സലിം), ആറാംപ്രതി പ്രദീപ് എന്നിവർക്ക് 20 വർഷം കഠിനതടവാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്.















