മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ കാറും ബസും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശിനി സക്കീന (42) ബന്ധുവായ ബാസില(19) കാർ ഓടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കാറിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ബാസിലയുടെ സഹോദരനെ കരിപ്പൂർ വിമാനത്താവളത്തിൽ വിട്ട് മടങ്ങിവരും വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ടവർ മലപ്പുറം മേലാറ്റൂർ ആണ് താമസിക്കുന്നത്. അപകട വാർത്ത അറിഞ്ഞ് ബാസിലയുടെ സഹോദരൻ ഗൾഫ് യാത്ര ഉപേക്ഷിച്ച് മടങ്ങി വന്നു. കാർ ബസിലേക്ക് ഇടിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്















