ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ എണ്ണക്കപ്പലുകൾക്ക് കടന്നുപോകാൻ ഇറാന്റെ അനുമതി. പുഷ്പക്, പരിമൾ എന്നീ ടാങ്കറുകളാണ് കടത്തിവിട്ടത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലുള്ള ചർച്ചയ്‌ക്ക് പിന്നാലെയാണ് എണ്ണകപ്പലുകൾ കടത്തിവിട്ടത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുടെമായി ടെലിഫോണിൽ വിശദമായി സംസാരിച്ചിരുന്നു. സംഘർഷബാധിത മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ സമഗ്രമായ ചർച്ച നടത്തിയിരുന്നു. രണ്ടാഴ്ചയ്‌ക്കിടെ ഇരു നേതാക്കളും തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചയാണിത്. ഫെബ്രുവരി 28 നും മാർച്ച് 5 നും ഇരുനേതാക്കളും സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ചർച്ചയ്‌ക്ക് പിന്നാലെ ഇറാൻ-ഇസ്രയേൽ യുദ്ധമാരംഭിച്ച ശേഷം ഹോർമൂസ് കടലിടുക്ക് വഴിയെത്തിയ ആദ്യ എണ്ണക്കപ്പൽ മുംബൈയിലെത്തി. സൗദി അറേബ്യയിൽ നിന്നുള്ള ലൈബീരിയൻ പതാകയുള്ള ഷെൻലോംഗ് സൂസ്മാക്സ് എന്ന എണ്ണ കപ്പലാണ് തീരമണഞ്ഞത്. മാർച്ച് 1 ന് സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് നിന്ന് 1, 35,335 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി കപ്പൽ യാത്ര തിരിച്ചത്. മാർച്ച് 8 നാണ് കപ്പൽ ഹോർമൂസിലെത്തിയത്. പിന്നാലെ റഡാറിൽ നിന്നും കപ്പൽ അപ്രത്യക്ഷമായത് ആശങ്കയുണ്ടാക്കിയിരുന്നു. ഇന്ത്യക്കാരനാണ് ക്യാപ്റ്റൻ. സംഘർഷം ആരംഭിച്ച ശേഷം കടലിടുക്കിലൂടെ കടന്നു പോകുന്ന ആദ്യ ഇറാൻ ഇതര കപ്പലാണിത്. പേർഷ്യൻ ഉൾക്കടലിനെ അറബിക്കടലിൽ നിന്ന് വേർതിരിക്കുന്ന ഇറാനും ഒമാനിനുമിടയിൽ 55 കിലോമീറ്റർ വീതിയുള്ള മേഖലയാണ് ഹോർമുസ് കടലിടുക്ക്.















