ന്യൂഡൽഹി: ഇറാഖിലെ ബസ്ര തീരത്തിന് സമീപം അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എം.ടി. സേഫ്സി വിഷ്ണു എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ളതും യു.എസ്. ഉടമസ്ഥതയിലുള്ളതുമാണ് കപ്പൽ.
കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കപ്പലിലുണ്ടായിരുന്ന മറ്റ് 15 ഇന്ത്യക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നാവികരെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ബാഗ്ദാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മാർച്ച് 11-ന് രാത്രി ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖ തീരത്തുവെച്ചാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച ഇറാന്റെ സ്പീഡ് ബോട്ട് കപ്പലിൽ ഇടിച്ചാണ് സ്ഫോടനമുണ്ടാക്കിയത്. ചാവേർ ബോട്ട് ആക്രമണമാണെന്നാണ് നിഗമനം.















