തൃശൂർ: കുന്നംകുളം പോർക്കളങ്ങോട് നിയന്ത്രണംവിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പൊർക്കളേങ്ങാട് സ്വദേശി മജീദിന്റെ മകൻ ഇല്യാസ് (49) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11.20-ഓടെയായിരുന്നു അപകടം. ഇറക്കവും വളവും ഉള്ള ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ ഇല്യാസിന്റെ ശരീരത്തിലേക്കാണ് വീണത്.
ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയുടെ യന്ത്രതകരാറാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചൂണ്ടൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















