എറണാകുളം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ കൊടുത്തത്.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് വെള്ളാപ്പള്ളി അപ്പീലിൽ പറയുന്നു. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണെന്നും അപ്പീലിൽ വാദിക്കുന്നു.സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങളിൽ ഇടപെടാൻ അധികാരമില്ല. കൃത്യമായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡി.ഐ.എൻ നമ്പറിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും ഇതിന്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും വെള്ളാപ്പള്ളി അപ്പീലിൽ ആരോപിക്കുന്നു.
കേസിന്റെ വാദം പൂർത്തിയായി പതിനാല് മാസത്തോളം വിധി പറയാതെ മാറ്റിവെച്ചു. ഈ കാലതാമസം നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ 9 വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി.ഇവരെ നീക്കം ചെയ്തതിനു പുറമെ താൽകാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.















