കൊച്ചി: കളമശ്ശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷന് സമീപത്താണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഈ സമയം വഴിയിൽ തടഞ്ഞുനിർത്തിയ അജ്ഞാതൻ, യുവതിയുടെ തല പിടിച്ച് തൂണിലിടിപ്പിച്ച ശേഷം ബലമായി സ്വർണമാലയും കമ്മലും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആക്രമണത്തിന് ശേഷം പ്രതി കടന്നുകളഞ്ഞു. പരിക്കേറ്റ കണ്ണൂർ സ്വദേശിനിയായ യുവതി ചികിത്സയിലാണ്.
ഈ പ്രദേശത്ത് ക്രിമിനൽ സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.















