കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറിയാണ് സൃഷ്ടിക്കുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ.
നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു ടി.കെ. ഗോവിന്ദന്‍ . അരനൂറ്റാണ്ടുകാലത്തെ മാർക്സിസ്റ്റ് പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് പറയുന്നതെങ്കിലും . ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണെന്ന് ടി കെ ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
ഇത് കൂടാതെ പി കെ ശ്യാമളയ്‌ക്ക് ജനപിന്തുണയില്ലെന്ന് ചില നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചിരുന്നു.
ടി ഗോവിന്ദനെ അനുനയിപ്പിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം നീക്കം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിവാദത്തിലാക്കിയിട്ടുണ്ട് .