ബിജെപിയെ ഭയന്ന് മുന്നണികൾ; ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി; കൊല്ലം ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം. ഫോ‍ഡ്ബ്ലോക്ക് ​ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. മണ്ഡലത്തിൽ, ശക്തമായ മത്സരം കാഴ്ചവച്ചില്ലെങ്കിൽ വിജയം സാധ്യത വിദൂരമായി പോലും ഇല്ലെന്ന ഭയമാണ് കോൺഗ്രസിന്റെ ഈ ചുവടുമാറ്റത്തിന് പിന്നിൽ.

ബിജെപിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് ചാത്തന്നൂ‍ർ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന പൊതുസമ്മതനായ  ബി. ബി ​ഗോപകുമാറാണ് ബിജെപി സ്ഥാനാ‍ർത്ഥി. കഴിഞ്ഞ തവണ അദ്ദേഹം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. കൂടാതെ  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതം മണ്ഡലത്തിൽ കുത്തനെ കൂടുകയും ചെയ്തിരുന്നു.

ചാത്തന്നൂ‍ർ കേന്ദ്രീകരിച്ച് ബിജെപി നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവ‍ർത്തനം ആരംഭിച്ചിരുന്നു. ഇതോടെ ഇടത്- വലത് മുന്നണികളുടെ നെഞ്ചടിപ്പ് കൂടി. ഇത് കോൺ​ഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിയിലേക്ക് മാറി.   തങ്ങൾക്ക് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ‍ർ അടക്കം മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നാണം കെട്ട തോൽവി ഭയന്ന് ഹൈക്കമാൻഡിനടക്കം പരാതി പോകുകയും ചെയ്തു. ഇതോടെയാണ്  ഫോ‍ർവേഡ് ബ്ലോക്കിന് നൽകിയ സീറ്റ് തിരികെ വാങ്ങാനുള്ള നീക്കം തുടങ്ങിയത്.  എൽഡിഎഫ് സിപിഐക്കാണ് ഇവിടെ സീറ്റ് നൽകിയത്.

ചാത്തന്നൂരിലെ ചുവടുമാറ്റത്തിൽ  ഫോർവേർഡ് ബ്ലോക്ക് കടുത്ത അതൃപ്തിയിലാണ്.  കോൺഗ്രസ് അപമാനിച്ചുവെന്നും നിയമസഭയിൽ ദേവരാജൻ വേണമെന്ന് കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിൽ ഉറപ്പുള്ള സീറ്റ് തരുമായിരുന്നല്ലൊ എന്നാണ് ഫോർവേർഡ് ബ്ലോക്കിന്റെ ചോദ്യം. അതേസമയം, ദേവരാജൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ടേക്കും. കേരളത്തിൽ ഉറപ്പുള്ള നിയമസഭാ സീറ്റ് നൽകുന്നില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ഫോർവേഡ് ബ്ലോക്കിന്റെ ആവശ്യം.

 

Share