ചെന്നൈ: അന്തരിച്ച ഇതിഹാസ താരം ശ്രീദേവിയുടെ ചെന്നൈയിലെ ഭൂമിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. വസ്തുവിൽ അവകാശവാദം ഉന്നയിച്ച് ചിലർ നൽകിയ സിവിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ടി.വി. തമിഴ്‌ശെൽവി താൽക്കാലിക സ്റ്റേ അനുവദിച്ചു.
1988-ൽ ശ്രീദേവി വാങ്ങിയ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ 4.7 ഏക്കർ വസ്തു തങ്ങളുടെ കുടുംബസ്വത്താണെന്നും തങ്ങൾക്ക് ഇതിൽ ഓഹരിയുണ്ടെന്നും കാണിച്ച് ചന്ദ്രഭാനു എന്ന സ്ത്രീയും മക്കളും കീഴ്‌ക്കോടതിയിൽ കേസ് നൽകിയിരുന്നു.
കഴിഞ്ഞ 38 വർഷമായി തങ്ങളുടെ കൈവശമുള്ള ഭൂമിയാണെന്നും, ഉടമസ്ഥാവകാശ രേഖകൾ കൃത്യമാണെന്നും ബോണി കപൂർ കോടതിയെ അറിയിച്ചു. നേരത്തെ, കേസ് റദ്ദാക്കണമെന്ന ബോണി കപൂറിന്റെ അപേക്ഷകോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കപൂർ കുടുംബം ഹൈക്കോടതിയിലെത്തിയത്.















