തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്‌ക്ക് സാധ്യത, ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ പാത്തിയുടെയും സ്വാധീനം കാരണമാണ് സംസ്ഥാനത്ത് 20 വരെ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം മന്നാർ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമർദ പാത്തി. വടക്കൻ കർണാടകയുടെ ഉൾഭാഗം മുതൽ തെക്കൻ കർണാടകയും തമിഴ്നാടും വഴി കന്യാകുമാരി വരെ മറ്റൊരു ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.















