തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി തെരുവുനായ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ദേശമംഗലത്ത് തെരുവ് നായ ആക്രമണത്തിൽ 4 വയസ്സുകാരന് പരിക്കേറ്റു. ഈസ്റ്റ് പല്ലൂർ നമ്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകനായ നാലു വയസ്സുകാരൻ മുഹമ്മദ് ലാസിലിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
വീടിനു മുന്നിൽ ഇരുന്ന് കളിക്കുകയായിരുന്ന മുഹമ്മദ് ലാസിലിനെ നായ ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12 45 ഒടുകൂടിയാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് കുട്ടിയെ രക്ഷിച്ചത്. കവിളിലും കയ്യിലും പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ദേശമംഗലം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്‌ക്കുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
കണ്ണൂര്‍ വിളക്കോട്ടൂരിലെ തെരുവ് നായ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് കടിയേറ്റു.വിളക്കോട്ടൂർ തെക്കുംമുറിയിൽ ആണ് അക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവരെയാണ് നായ കടിച്ചത്. കുട്ടികള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.














