മനാമ: ബഹ്റൈനിൽ കെട്ടിടത്തിൽനിന്നു താഴെ വീണു ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ ജിസ്‌മോൻ-അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്‌മോൻ (7) ആണ് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഡെറിക്.
താമസ്ഥലത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഫ്ലാറ്റിലെ ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻതന്നെ സമീപവാസികൾ ചേർന്ന് കുട്ടിയെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഏകമകന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ് ഈ പ്രവാസി കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.















