തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് മിൽമ പാൽ വില വർധന നടപ്പാക്കുന്നു. നിരക്ക് വർധന ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. മിൽമ ഡയറക്ടർ ബോർഡ് യോഗം അടുത്ത ദിവസങ്ങളിൽ ചേർന്ന് ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും.
നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും തടസ്സപ്പെട്ടു. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറിൽ ഒപ്പിട്ടത്.
വില വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുമെന്നാണ് മിൽമ പറയുന്നത്.
ഈ വൻ വില വർദ്ധനവോടെ മിൽമ പാലിന്റെ ലിറ്ററിന് ശരാശരി വില 56 രൂപയായി ഉയരും. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിപ്പിക്കും.















