ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ 2026-27 സീസണിലേക്കുള്ള വിപുലമായ കലണ്ടര്‍ ഭാരതീയ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലുള്ള ഫോര്‍മാറ്റുകളിലായി ആകെ 1,788 മത്സരങ്ങളാണ് ഈ സീസണില്‍ നടക്കുക. അടുത്ത കാലത്തുണ്ടായതില്‍ വച്ച് ഏറ്റവും തിരക്കേറിയ ആഭ്യന്തര ക്രിക്കറ്റ് സീസണുകളില്‍ ഒന്നായിരിക്കും ഇത്. ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ ആഭ്യന്തര സീസണിന് തുടക്കമാകുന്നത്. ആറ് സോണല്‍ ടീമുകള്‍ പങ്കെടുക്കുന്ന പരമ്പരാഗത റെഡ്-ബോള്‍ (ഫസ്റ്റ് ക്ലാസ്) മത്സരമായാണ് ദുലീപ് ട്രോഫി നടക്കുക. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 മുതല്‍ ഇറാനി കപ്പും ആരംഭിക്കും.
രാജ്യത്തെ മുന്‍നിര ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളായാണ് നടക്കുക. കളിക്കാരുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനും പരിക്കുകളില്‍ നിന്ന് മുക്തരാകാന്‍ ആവശ്യമായ സമയം നല്‍കുന്നതിനുമായാണ് ഈ ഘടന നിലനിര്‍ത്തിയിരിക്കുന്നത്. കേണല്‍ സി.കെ. നായുഡു ട്രോഫിയും ഇതേ മാതൃകയിലായിരിക്കും ഷെഡ്യൂള്‍ ചെയ്യുക. രഞ്ജി ട്രോഫി എലീറ്റ് ഡിവിഷനില്‍ 32 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. പ്ലേറ്റ് ഡിവിഷനില്‍ ആറ് ടീമുകളാണുള്ളത്.
പരിമിത ഓവര്‍ (വൈറ്റ്-ബോള്‍) മത്സരങ്ങളിലും ബിസിസിഐ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുരുഷന്മാരുടെ അണ്ടര്‍-23 സ്റ്റേറ്റ് എ ട്രോഫി, വിസി ട്രോഫി എന്നിവ ഇനിമുതല്‍ ഏകദിന ഫോര്‍മാറ്റിന് പകരം ടി20 ഫോര്‍മാറ്റിലായിരിക്കും നടക്കുക. കൂച്ച് ബിഹാര്‍ ട്രോഫിയിലെ എലീറ്റ് കാറ്റഗറി നോക്കൗട്ട് മത്സരങ്ങള്‍ കൂടുതല്‍ മികച്ചതും തുല്യവുമായ കളിസാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ജനുവരിയില്‍ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് മാറ്റി. വിജയ് മര്‍ച്ചന്റ് ട്രോഫിയുടെ ഷെഡ്യൂളിലും മാറ്റമുണ്ട്. ടൂര്‍ണമെന്റ് നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലേക്ക് നേരത്തെയാക്കി പുനഃക്രമീകരിച്ചു.
പുരുഷന്മാരുടെ സീനിയര്‍, അണ്ടര്‍-23, അണ്ടര്‍-19, അണ്ടര്‍-16 വിഭാഗങ്ങളിലെയും വനിതകളുടെ സീനിയര്‍, അണ്ടര്‍-23, അണ്ടര്‍-19, അണ്ടര്‍-15 പ്രായപരിധിയിലുള്ള മത്സരങ്ങളും ഈ കലണ്ടറിന്റെ ഭാഗമാണ്.
പ്രധാന മത്സരങ്ങളുടെ സമയക്രമം (2026/27)
പുരുഷന്മാരുടെ പ്രധാന ടൂര്‍ണമെന്റുകള്‍:
ദുലീപ് ട്രോഫി: ആഗസ്റ്റ് 23 – സെപ്റ്റംബര്‍ 10 (ബംഗളൂരു)
ഇറാനി കപ്പ്: ഒക്ടോബര്‍ 1 – ഒക്ടോബര്‍ 5 (ജമ്മു/ശ്രീനഗര്‍)
രഞ്ജി ട്രോഫി (ആദ്യ ഘട്ടം): ഒക്ടോബര്‍ 11 – നവംബര്‍ 5
സയ്യിദ് മുഷ്താഖ് അലി ട്രോഫി: നവംബര്‍ 14 – ഡിസംബര്‍ 6 (നോക്കൗട്ടുകള്‍ നവംബര്‍ 30 മുതല്‍ – മുംബൈ, വിശാഖപട്ടണം, കൊല്‍ക്കത്ത, മൊഹാലി, നാഗ്പൂര്‍)
വിജയ് ഹസാരെ ട്രോഫി (ഏകദിനം): ഡിസംബര്‍ 14 – ജനുവരി 8 (നോക്കൗട്ടുകള്‍ ജനുവരി 2 മുതല്‍ – അഹമ്മദാബാദ്, ബാംഗ്ലൂര്‍, റാഞ്ചി, രാജ്‌കോട്ട്, വിശാഖപട്ടണം)
രഞ്ജി ട്രോഫി (രണ്ടാം ഘട്ടം): ജനുവരി 17 – ഫെബ്രുവരി 4
രഞ്ജി ട്രോഫി (നോക്കൗട്ടുകള്‍): ഫെബ്രുവരി 9 – മാര്‍ച്ച് 3
വനിതകളുടെ പ്രധാന ടൂര്‍ണമെന്റുകള്‍:
സീനിയര്‍ വനിതാ ടി20 ട്രോഫി: ഒക്ടോബര്‍ 26 – നവംബര്‍ 20 (ലക്‌നൗ, പൂനെ, ഡല്‍ഹി, മൊഹാലി, അഹമ്മദാബാദ്)
സീനിയര്‍ വനിതാ ഇന്റര്‍-സോണല്‍ ടി20 ട്രോഫി: നവംബര്‍ 24 – ഡിസംബര്‍ 4 (ഗുവാഹത്തി)
സീനിയര്‍ വനിതാ ഏകദിന ട്രോഫി: ഡിസംബര്‍ 19 – ജനുവരി 10 (കട്ടക്ക്, ജയ്പൂര്‍, ബറോഡ, റായ്പൂര്‍, ചെന്നൈ)
സീനിയര്‍ വനിതാ ഇന്റര്‍-സോണല്‍ ഏകദിന ട്രോഫി: ഫെബ്രുവരി 17 – ഫെബ്രുവരി 27 (ചെന്നൈ)
സീനിയര്‍ വനിതാ ഇന്റര്‍-സോണല്‍ മള്‍ട്ടി-ഡേ ട്രോഫി: മാര്‍ച്ച് 13 – മാര്‍ച്ച് 28 (ഡെഹ്റാഡൂണ്‍)
രഞ്ജി ട്രോഫി ഗ്രൂപ്പുകള്‍
എലീറ്റ് എ – ജമ്മു ആന്‍ഡ് കശ്മീര്‍, മധ്യപ്രദേശ്, വിദര്‍ഭ, ബറോഡ, ഉത്തര്‍പ്രദേശ്, പോണ്ടിച്ചേരി, ഗോവ, ബിഹാര്‍.
എലീറ്റ് ബി – കര്‍ണാടക, ആന്ധ്ര, സൗരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഹൈദരാബാദ്, ത്രിപുര, പഞ്ചാബ്, അസം.
എലീറ്റ് സി – ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര, സര്‍വീസസ്, ഗുജറാത്ത്, കേരളം, ഡല്‍ഹി, ഒഡീഷ.
എലീറ്റ് ഡി – ഉത്തരാഖണ്ഡ്, മുംബൈ, ഹരിയാന, റെയില്‍വേസ്, രാജസ്ഥാന്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്.
പ്ലേറ്റ് ഗ്രൂപ്പ് ടീമുകള്‍: നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, സിക്കിം, മിസോറാം, അരുണാചല്‍ പ്രദേശ്.















